Oommen Chandy have no way to escape the Biju Radhakrishnan’s disclosure: Pinarayi Vijayan

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

സോളാര്‍കമ്മീഷനുമുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യുഡിഎഫിലും കോണ്‍ഗ്രസിലും ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ നിമിഷം ഉമ്മന്‍ചാണ്ടിയെ ഇറക്കിവിടണം. ആ കടമ ജനങ്ങളെ ഏല്‍പ്പിക്കരുതെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

(ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ)

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായി.

സോളാര്‍കമ്മീഷനുമുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണ്.

സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനുമായി രഹസ്യ ചര്‍ച്ച ഉമ്മന്‍ചാണ്ടി നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണ്.

സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതല്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.

മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയില്‍ വീതിച്ചെടുക്കാനാണ് ധാരണഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്ണന്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രംഅധപ്പതിച്ചു എന്നാണു ആവര്‍ത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലില്‍ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും കേരളീയന്റെയും അഭിമാനത്തിന് തീരാകളങ്കമാണ്.

യു ഡി എഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ നിമിഷം ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏല്‍പ്പിക്കരുത്.

Top