തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ബാര്‍ കോഴക്കേസിലും അഗ്‌നിശമസേനാ മേധാവിയുടെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനേയും തുടര്‍ന്ന് ഡിജിപി ജേക്കബ് തോമസ് നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഈ നിലപാടണ് മുഖ്യമന്ത്രി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരമില്ലെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ അനൈക്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ജേക്കബ് തോമസ് ലോകായുക്തയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ല. തന്റേതെന്നല്ല, ഒരു മന്ത്രിയുടേയും പേരില്ല.
മാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസുകളില്‍ മാത്രമാണ് തന്റെ പേര് വന്നത്. ലോകായുക്തയും സുപ്രീംകോടതിയും ഹൈക്കോടതിയും കേസ് നേരത്തെ തന്നെ തള്ളിയതാണ്. യാഥാര്‍ത്ഥ്യം അല്ലാത്ത കാര്യങ്ങള്‍ പ്രതിപക്ഷം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.