കേരളകോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും തീരും; ഉറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ എത്തിയ ശേഷം പ്രശ്നത്തില്‍ ഇടപെടുമെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എത്രയും വേഗത്തില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ പിജെ ജോസഫും കെഎം മാണിയും തയ്യാറാകണമെന്നും പ്രശ്‌ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോണ്‍ഗ്രസിനകത്താണെന്നും കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള കേരളാകോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും. സാധാരണ ഗതിയില്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. എന്നാല്‍, ഇതൊരു പ്രത്യേക സാഹചര്യമാണ്, അദ്ദേഹം അറിയിച്ചു.

കേരളത്തിലെത്തിയതിന് ശേഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ മുന്നണി നേതൃത്വം അടിയന്തരമായി ഇടപെടുമെന്നും പ്രശ്‌നം ഗൗരവമായി തന്നെയാണ് മുന്നണി കാണുന്നതെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top