OOmmen chandy-kollam-paravoor

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കും. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി നല്‍കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിമായിട്ടുണ്ട്.

അതേസമയം, വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് ചുമതല. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് പരവൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. മല്‍സരക്കമ്പം നിയമവിരുദ്ധമാണ്. ചട്ടം കര്‍ശനമായി നടപ്പാക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.നാല്‍പ്പത് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നളിനി നെറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top