Oommen chandy -Palm oil case- Thrissur vigilance court

തൃശൂര്‍: പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി. പാമൊലിന്‍ ഇടപാടിനെപ്പറ്റി ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്ന് ജഡ്ജി എസ്.എസ്.വാസന്‍ നിരീക്ഷിച്ചു.

പാമൊലിന്‍ കേസിലെ വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഗുരുതരമായ പരാമര്‍ശം. ഉദ്യോഗസ്ഥരെ കുരുതികൊടുത്തിട്ടു കാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതു മന്ത്രിസഭയുടെ തീരുമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ രണ്ടു പ്രതികളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

മുന്‍ അഡി. ചീഫ് സെക്രട്ടറി സക്കറിയ മാത്യുസ്, മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു കേസ് വീണ്ടും കോടതി പരിഗണിച്ചത്.

പാമൊലിന്‍ ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. ഇടപാടിലെ എല്ലാ ഫയലുകളും ധനമന്ത്രിയായ ഉമ്മന്‍ചാണ്ടി കണ്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളുന്നതായാണ് തൃശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ, പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായി. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ സ്റ്റേ അനുവദിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

1991-92 കാലഘട്ടത്തില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് വിവാദമായ പാമൊലിന്‍ ഇടപാടു നടക്കുന്നത്. ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍നിന്നു പാമൊലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

രാജ്യാന്തര വിപണിയില്‍ പാമൊലിന്‍ ടണ്ണിന് 392.25 ഡോളറായിരുന്ന സമയത്ത് 405 ഡോളറിനു 15000 ടണ്‍ വാങ്ങി സംസ്ഥാനത്തിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സര്‍ക്കാരിന്റെ ഭാഗത്തു ഗുരുതരമായ അനാസ്ഥയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒന്നാം പ്രതിയും ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ രണ്ടാം പ്രതിയും ആയിരുന്നു. ഭക്ഷ്യമന്ത്രിയായിരുന്ന താന്‍ പ്രതിയാവുകയാണെങ്കില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാകുമെന്ന ടി.എച്ച് മുസ്തഫയുടെ അഭിപ്രായമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

Top