ദേശീയതലത്തിലെ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയല്ല; പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പരാജയത്തിന് കാരണം പരിശോധിച്ച് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും ഇന്ന് ചര്‍ച്ച ചെയ്യും. പരാജയ കാരണം പരിശോധിക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും സാധ്യതയുണ്ട്.

രാഹുല്‍ രാജിവയ്ക്കണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍, നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തര്‍ക്കമാണെന്ന വിമര്‍ശനം ശക്തമാണ്. ഇതും കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചര്‍ച്ചയില്‍ വരും. പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.

Top