സത്യം അധികനാള്‍ മൂടിവെയ്ക്കാന്‍ സാധിക്കില്ല; ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: സോളാര്‍ കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിത്. സര്‍ക്കാരിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും അതിന്‍മേല്‍ യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അത്കൊണ്ട് അവസാനിക്കേണ്ട കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ എതിരാളികളെ അപമാനിക്കാന്‍ കൊണ്ടുവന്നതാണ്. തെളിവില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യത്തിനോ എഫ്ഐആര്‍ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ ഈ കേസ് കഴിഞ്ഞ രണ്ട് കൊല്ലമായി നിലനില്‍ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് ശേഷം നിയമപരമായി നീങ്ങാം എന്ന നിലപാടാണ്. ഞാന്‍ നിയമനടപടി സ്വീകരിച്ചതുകൊണ്ടാണ് തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോയതെന്ന് സര്‍ക്കാറിന് പറയാന്‍ അവസരം കൊടുക്കരുതെന്ന് കരുതി.’ – ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഞ്ച് വര്‍ഷം നടപടി എടുക്കാന്‍ സാധിക്കാതെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച ഉമ്മന്‍ ചാണ്ടി കേരള പോലീസിന് എന്തുപറ്റിയെന്നും ചോദിച്ചു. സത്യം അധികനാള്‍ മൂടിവെയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top