തിരുവനന്തപുരം : സോളറുമായി ബന്ധപ്പെട്ട കേസിൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ്തന്നെ കെട്ടിച്ചമച്ചതാണ്. 5 വർഷം ഭരിച്ചിട്ടും ഇടതു സർക്കാരിന് ആരോപണങ്ങൾ തെളിയിക്കാനായില്ല. ഈ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. സർക്കാർ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിക്കുകയാണ്. സർക്കാരിന്റെ അടവ് ജനം തിരിച്ചറിയുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെയുള്ള പീഡനക്കേസ് സിബിഐക്കു വിടാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതന്വേഷണത്തിനും ഞങ്ങൾ തയാറാണ്. ഇടതുപക്ഷം 5 വർഷം പ്രതിപക്ഷത്തിരുന്ന സമയത്ത് 3 വർഷവും സോളർ സമരമായിരുന്നു. എന്തെല്ലാം കഥകൾ പറഞ്ഞു. അധികാരത്തിലേറി 5 വർഷമായി. അന്നു പറഞ്ഞ ഏതെങ്കിലും കഥ തെളിയിക്കാൻ സാധിച്ചോ? 5 വർഷമായിട്ടും നിയമപരമായ നടപടി സ്വീകരിക്കാത്ത സർക്കാർ ജാള്യത മറയ്ക്കാനാണ് കേന്ദ്രം ഭരിക്കുന്നവരുമായി ഇപ്പോൾ ചങ്ങാത്തതിനു ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പരാതിക്കാരിയുടെ മൊഴി പ്രകാരം 2018ൽ കേസെടുത്തു. അതിനെതിരെയും ഞങ്ങൾ കോടതിയെ സമീപിച്ചില്ല. ചെയ്യാത്ത കുറ്റത്തിന് എന്തിനു കോടതിയെ സമീപിക്കണം? രണ്ടു വർഷം ആരും ഒന്നും ചെയ്തില്ല. ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം കേസെടുത്ത സർക്കാരിന് ഞങ്ങളെ എന്തും ചെയ്യാമായിരുന്നു. അതു ചെയ്യാതെ ഇപ്പോൾ കേസ് സിബിഐക്കു വിട്ടിരിക്കുകയാണ്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.