തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി പൊരിച്ചവര്‍ക്ക് വലിയ ആയുധമായിരുന്നു ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ്.
കോടതി നടപടി ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി.
ഉമ്മന്‍ ചാണ്ടിയെ കുറ്റവാളിയായി പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധങ്ങളിലൂടെ ചെയ്ത ‘പാപത്തില്‍’നിന്നും ബെംഗളുരു സിറ്റി സിവില്‍ കോടതി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
അഴിമതിയിൽ പങ്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി നേരിട്ട് പണം വാങ്ങിയതിന് തെളിവില്ലെന്നും പരാതിയില്‍ ആരോപണമില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കുരുവിളയ്ക്ക് കഴിഞ്ഞില്ല.
സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് വ്യവസായി എം.കെ. കുരുവിള ബെംഗളൂരു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24-ന് ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, സോളാര്‍കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിച്ചു. ഈ ആവശ്യം കണക്കിലെടുത്ത് ഏപ്രിലില്‍ വിധി റദ്ദാക്കുകയും വീണ്ടും വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി കുരുവിള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇക്കാരണത്താല്‍ കേസ് തള്ളണമെന്നും ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജോസഫ് ആന്റണി കോടതിയില്‍ വാദിച്ചിരുന്നു.
കേരള ഹൈക്കോടതിയെ കുരുവിള സമീപിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരേ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെയുള്ള കുരുവിളയുടെ അഭിഭാഷകന്റെ വാദവും പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസ് വിധിപറയാനായി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.