OOmmen chandy resigned; facebook post

Oommen chandy

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. അദ്ദേഹം കേരളാ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

തെറ്റായ പ്രചരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് പരാജയം നേരിട്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

(ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവർണറെ സന്ദർശിച്ച് മന്ത്രിസഭയുടെ രാജി സമർപ്പിക്കയാണ്.

അഞ്ച് വർഷം പൂർത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹ പ്രവർത്തകർക്കും നിങ്ങൾ നൽകിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും ഞാൻ എല്ലാവർക്കും വേണ്ടി നന്ദി പറയുന്നു.

കേവലം 2 എം. എൽ. എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂർത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവിൽ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അവസരം നൽകിയത്.

എന്നാൽ ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വർഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു.
ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്ക് വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാർട്ട്‌ സിറ്റി എന്നിവയെല്ലാം പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങൾക്ക്‌ യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടർന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

Top