തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നുമുള്ള മുന്‍ മന്ത്രി എം എം മണിയുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവനയെ തള്ളിയ അദ്ദേഹം, അഴിമതി നടന്നുവെങ്കില്‍ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും നടപടി എടുത്തില്ലെന്ന് ചോദിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാത്തതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി എടുക്കാത്തത്. സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.
കെഎസ് ഇബി അഴിമതി ആരോപണത്തില്‍ പ്രതികരിക്കവേയാണ് കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ എം എം മണി രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നതെന്നും കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.