കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടി ചില മദ്യ മുതലാളിമാരുമായി ചേര്‍ന്ന് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിനുള്ള വ്യക്തമായ തെളിവ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ പോലുള്ളവരുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ നീങ്ങുന്ന പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ നാണംകെടും. ഇതിനൊക്കെയും അപ്പുറമുള്ള ആരോപണങ്ങള്‍ ഉന്നിയിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സരിത എസ്.നായരുടെ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. കോടതിയില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബാര്‍ ഉടമകള്‍ പുതിയ ആരോപണം ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസില്‍ താന്‍ നിരപരാധിയാണ്. എല്ലാ വിവരങ്ങളും കമ്മീഷന്റെ മൊഴിയെടുക്കലില്‍ നല്‍കി. സര്‍ക്കാരിനെ താഴെയിറക്കാന്‍ പല ഗൂഡാലോചനകളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തേടി നടക്കുകയാണ് പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍. മദ്യമുതലാളിമാരുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ വീണിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
താന്‍ പിതൃതുല്യനാണെന്ന് പറഞ്ഞ സരിത എസ്.നായര്‍ പത്തു ദിവസത്തിനു ശേഷം തനിക്ക് കോഴ തന്നു എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.