കോണ്‍ഗ്രസ്സില്‍ കരുത്ത് വര്‍ധിപ്പിച്ച് ഉമ്മന്‍ചാണ്ടി, ചെന്നിത്തലയ്ക്ക് ഭീഷണി

ടുവില്‍ രമേശ് ചെന്നിത്തലയുടെ ആ മോഹവും അസ്തമിച്ചു. മുഖ്യമന്ത്രി സ്ഥാനമല്ല പ്രതിപക്ഷ നേതൃസ്ഥാനം പോലും ചെന്നിത്തലയ്ക്ക് ഇനി കിട്ടാന്‍ സാധ്യതയില്ല. കേരള രാഷ്ട്രീയത്തിലേക്ക് മാസ് തിരിച്ചുവരവാണ് ഉമ്മന്‍ ചാണ്ടി നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പരമാധികാര സഭയായ പ്രവര്‍ത്തക സമിതിയിലേക്കാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗുലാം നബി ആസാദിനെ പോലെയുള്ള നേതാക്കളെ വെട്ടിനിരത്തിയപ്പോഴാണ് ഈ പരിഗണന ഉമ്മന്‍ ചാണ്ടിക്ക് നെഹ്‌റു കുടുംബം നല്‍കിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിനെതിരായ കത്ത് വിവാദം ഗുലാം നബി ആസാദിനെ തെറിപ്പിച്ചപ്പോള്‍ കത്തെഴുതിയ നേതാക്കളെ പിന്തുണച്ച ഉമ്മന്‍ ചാണ്ടിയെ അംഗീകരിക്കുകയാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ജനസമ്മതിയുള്ള കോണ്‍ഗ്രസ്സ് നേതാവാണ് എന്നതു കൂടി പരിഗണിച്ചാണിത്.

എ.കെ ആന്റണിയും കെ.സി വേണുഗോപാലുമാണ് പുനസംഘടനയില്‍ ഇതുപോലെ അംഗീകാരം കിട്ടിയ മറ്റു രണ്ടു പേര്‍. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എന്ന പരിഗണനയാണ് കെ.സി വേണുഗോപാലിന് നല്‍കിയിരിക്കുന്നത്. നിര്‍ണ്ണായക ഘട്ടത്തില്‍ ഒപ്പം നിന്നതിനാണ് ആന്റണിയ്ക്ക് സോണിയ ഗാന്ധി വീണ്ടും ചുമതല നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിക്ക് ഉപദേശം നല്‍കേണ്ട സമിതിയുടെ ചെയര്‍മാനാണ് ആന്റണി. കേരളത്തിലെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഹൈക്കമാന്റ് പുനസംഘടന നടത്തിയിരിക്കുന്നത്. ‘ഐ’ ഗ്രൂപ്പ് അണികളെ ശരിക്കും ഞെട്ടിച്ച തീരുമാനമാണിത്. ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ നിന്നും താമസിയാതെ ഉമ്മന്‍ ചാണ്ടി ഇനി മാറും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തിന്റെ ചുമതലയുള്ള ചെന്നിത്തലയുടെ ശിഷ്യനായ കെ.സി വേണുഗോപാലും ഇനി മുതല്‍ ചെന്നിത്തലയുടെ മുകളിലാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി തന്നെയായിരിക്കും. കൂടുതല്‍ ശക്തനായി തിരിച്ചെത്തുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കാര്യമായി ഇടപെടല്‍ നടത്താന്‍ കഴിയും. ചെന്നിത്തലയുടെ അടുത്ത സുഹൃത്തായ മുകള്‍ വാസ്‌നികിന് പകരം താരിഖ് അന്‍വറിന് കേരളത്തിന്റെ ചുമതല നല്‍കിയതും ഉമ്മന്‍ ചാണ്ടി പക്ഷത്തിന് നേട്ടമാണ്. കേരള നിയമസഭയില്‍ അംഗമായി 50 വര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടി ഇത് തിരിച്ചു വരവിനുള്ള അവസരമായാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള ‘പ്രമോഷനുകളും’ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റാണ് തീരുമാനിക്കുകയെന്നാണ് ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പുതുപ്പള്ളിയില്‍ നിന്നും വീണ്ടും മത്സരിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ചെന്നിത്തലയ്ക്കുള്ള വ്യക്തമായ സൂചനയാണിത്.

സെപ്തംബര്‍ 17നാണ് എം.എല്‍.എ ആയി അരനൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി തികയ്ക്കുന്നത്. സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗം വലിയ ഉഷാറിലുമാണ്. അധികാരം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ചാണ് അവരുടെ പ്രവര്‍ത്തനം. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തിയതും ഉമ്മന്‍ ചാണ്ടിക്ക് ഏറെ അനുകൂലമാണ്. ഭരണം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി പദമാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത്. അതായത് ജനവിധി അനുകൂലമായാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം പോലും ചെന്നിത്തലയ്ക്ക് കിട്ടില്ലെന്ന് വ്യക്തം. ശക്തി കൂട്ടി വിലപേശല്‍ നടത്താനാണ് ലീഗ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം അതിനായി കുഞ്ഞാലിക്കുട്ടിയും ഉപയോഗപ്പെടുത്തും.

മുഖ്യമന്ത്രി പിണറായിക്ക് ബദലായി ചെന്നിത്തലയെ ചൂണ്ടിക്കാണിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് ലീഗിനുള്ളത്. ചെന്നിത്തല പിണറായിക്ക് ഒത്ത എതിരാളിയല്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. യു.ഡി.എഫിന്റെ ഘടന അനുസരിച്ച് ലീഗ് നിലപാട് കോണ്‍ഗ്രസ്സിന് ഒരിക്കലും തള്ളികളയാനും കഴിയുകയില്ല. ഇത്തവണ കൂടി ഭരണം കിട്ടിയില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ലെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകരും നല്‍കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ റിസ്‌ക്ക് എടുക്കാന്‍ ലീഗും തയ്യാറല്ല. പരാജയപ്പെട്ട ഒരു പ്രതിപക്ഷ നേതാവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചെന്നിത്തലയെ വിലയിരുത്തുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി മത്സരിക്കാന്‍ രംഗത്തിറങ്ങുന്നതോടെ ചെന്നിത്തലയുടെ നില കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത.

അതേസമയം, പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ജോസ്.കെ മാണി വിഭാഗം കൂടി മുന്നണിയിലെത്തുന്നത് ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്താകും. തെക്കന്‍ കേരളത്തിലും മലയോര ജില്ലകളിലും കേരള കോണ്‍ഗ്രസ്സ് നിര്‍ണ്ണായക ഘടകമാണ്. ഇത്തവണ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് സി.പി.എം ആലോചിക്കുന്നത്. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ തുറന്നു കാട്ടിയുള്ള പ്രചരണത്തിനായി വിപുലമായ സംവിധാനമാണ് ഇടതുപക്ഷം ഒരുക്കിയിരിക്കുന്നത്. നിര്‍ണ്ണായക കരുനീക്കങ്ങളുമായി ബി.ജെ.പിയും അണിയറയില്‍ സജീവമാണ്. തിരഞ്ഞെടുക്കപ്പെട്ട 10 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ബി.ഡി.ജെ.എസിലെ ഭിന്നത ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. തുഷാര്‍ വെള്ളാപ്പള്ളി ബാധ്യതയാകുമോ എന്നതാണ് പ്രധാന ആശങ്ക.

Top