കൂടെനിന്നു കാലുവാരിയവരെ പാഠം പഠിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി തുരുപ്പുചീട്ടായി കെ.മുരളീധരന്റെ പേര് പറയുമോ എന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുകയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ‘എ’ ഗ്രൂപ്പ് ഏറ്റെടുക്കുകയുമെന്ന ഫോര്‍മുലയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായ എ ഗ്രൂപ്പ് എം.എല്‍.എമാര്‍ തന്നെ കാലുവാരി പൊളിച്ചിരിക്കുന്നത്. എ ഗ്രൂപ്പിലെ സീനിയര്‍ നേതാക്കളെപ്പോലും പിണക്കി ഉമ്മന്‍ചാണ്ടി വളര്‍ത്തികൊണ്ടുവന്ന ടി. സിദ്ദിഖും ഷാഫി പറമ്പിലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ വാക്കുകേള്‍ക്കാതെ വി.ഡി സതീശനെ പിന്തുണച്ചതാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നത്.
ടി.സിദ്ദിഖിനെ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, ഷാഫി പറമ്പിലിനെ കെ.എസ്.യു പ്രസിഡന്റും പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാക്കിയതും എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്. തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഇത്തവണ കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിന് സീറ്റ് നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയിലായിരുന്നു. 2014ല്‍ കാസര്‍കോട്ട് ലോക്‌സഭാ മണ്ഡലത്തില്‍ ടി.സിദ്ദിഖിനെ മത്സരിപ്പിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ മൂലമായിരുന്നു. ഇവിടുത്തെ പരാജയത്തിനു ശേഷം 2016ല്‍ കുന്ദമംഗലത്തുനിന്നും മത്സരിക്കാന്‍ നിയമസഭാ ടിക്കറ്റും നല്‍കിയെങ്കിലും അവിടെയും അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്.
2019ല്‍ വയനാട് സീറ്റില്‍ സിദ്ദിഖിന്റെ പേരാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ കെ.സി വേണുഗോപാലിന്റെ തന്ത്രപരമായ കരുനീക്കത്തില്‍ സിദ്ദിഖിനെ ‘വെട്ടി’ സാക്ഷാല്‍ രാഹുല്‍ഗാന്ധിയാണ് വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയിരുന്നത്. ഓരോ തെരഞ്ഞെടുപ്പിലും തോല്‍ക്കുമ്പോഴും പാര്‍ട്ടിയില്‍ മികച്ച സ്ഥാനമാനങ്ങള്‍ നല്‍കി സിദ്ദിഖിനെ ഉമ്മന്‍ചാണ്ടി സംരക്ഷിച്ചു നിര്‍ത്തുകയാണുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കിയതിന് പിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തുകയും ചെയ്തു. പിന്നീട് കോഴിക്കോട്ട് ഡി.സി.സി പ്രസിഡന്റാക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമായപ്പോള്‍ വീണ്ടും കെ.പി.സി.സി വൈസ് പ്രസിഡന്റാക്കിയതും ഉമ്മന്‍ ചാണ്ടിയാണ്.
വയനാട് ലോക്‌സഭാ മണ്ഡലം രാഹുല്‍ഗാന്ധിക്കായി വിട്ടു നല്‍കിയ സിദ്ദിഖിന് ഇത്തവണ കല്‍പറ്റയില്‍ സീറ്റു നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ ശക്തമായ സമ്മര്‍ദ്ദത്തിലായിരുന്നു. താമരശേരി, ബത്തേരി രൂപതകളുടെ ആവശ്യപ്രകാരം കല്‍പ്പറ്റ സീറ്റില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി എന്ന ഫോര്‍മുലയുണ്ടായിരുന്നെങ്കിലും സിദ്ദിഖിന് മത്സരിക്കാന്‍ ഈ ഫോര്‍മുല വേണ്ടെന്നുവെക്കുകയാണുണ്ടായത്. കല്‍പറ്റയില്‍ സീറ്റ് ലഭിക്കാന്‍ കെ.സി വേണുഗോപാലിനെ കണ്ട് സിദ്ദിഖ് ചര്‍ച്ച നടത്തി എന്ന ആക്ഷേപവും എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഉമ്മന്‍ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സി നിരീക്ഷകനായെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോട് സിദ്ദിഖ് ഗ്രൂപ്പ് തീരുമാനം തള്ളിക്കളഞ്ഞ് വി.ഡി സതീശന്റെ പേര് പറഞ്ഞതാണ് ഉമ്മന്‍ചാണ്ടിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞിരിക്കുന്നത്. എ ഗ്രൂപ്പ് ബ്രിഗേഡുകളായി കരുതിയിരുന്ന സിദ്ദിഖും ഷാഫി പറമ്പിലും നിര്‍ണായക ഘട്ടത്തില്‍ കാലുവാരിയത് എ ഗ്രൂപ്പിനും അപ്രതീക്ഷിതമായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കേഡര്‍ സ്വഭാവം നിലനിര്‍ത്തുന്നഗ്രൂപ്പാണ് എ ഗ്രൂപ്പ്. രണ്ട് തവണ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇറക്കി എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് എ ഗ്രൂപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും മന്ത്രിമാരെയും എം.എല്‍.എമാരെയും വരെ അടര്‍ത്തിയെടുത്ത് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെ ഇറക്കിയ തന്ത്രജ്ഞനായ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ സ്വന്തം വിശസ്ഥരായി വളര്‍ത്തികൊണ്ടുവന്ന യുവ നേതാക്കള്‍ തന്നെയാണ് പിന്നില്‍ നിന്നും കുത്തിയിരിക്കുന്നത്. എ ഗ്രൂപ്പിലെ പോലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിലും സമാന സ്ഥിതിയാണുള്ളത്. പാളയത്തിലെ പടയും കാലുവാരലും ഇവിടെയും തകൃതിയാണ്.
പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത് രമേശ് ചെന്നിത്തലയെ വ്യക്തിപരമായി തന്നെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാന്യമായി മാറിനില്‍ക്കാനുള്ള അവസരം പോലും നല്‍കാതെ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചതിന് പിന്നില്‍ എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കരുനീക്കങ്ങളാണ് ഐ ഗ്രൂപ്പ് സംശയിക്കുന്നത്. രമേശിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ കെ.സി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേൃസ്ഥാനത്തേക്ക് കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഇപ്പോള്‍ ശക്തമായി രംഗത്തുള്ളത്. കെ.വി തോമസും സാമുദായിക പ്രാതിനിധ്യവാദം ഉയര്‍ത്തി രംഗത്തുണ്ട്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ്് സ്ഥാനത്തേക്ക് ആരുടെയും പേര് പറയാനില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും പിണക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുണ്ട്. അതുകൊണ്ട് അവരും ഇപ്പോള്‍ ആശയകുഴപ്പത്തിലാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാനായില്ലെന്ന അനുഭവ പാഠവും ഹൈക്കമാന്റിന് മുന്നില്‍ മാര്‍ഗ്ഗ തടസ്സങ്ങളാണ്. ഈ അവസരം ഉമ്മന്‍ചാണ്ടി മുതലെടുക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
ഒപ്പം നിന്ന് കാലുവാരിയവരെയും കെ.സി വേണുഗോപാലിനെയും പാഠം പഠിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരന്റെ് പേര് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ ഗ്രൂപ്പ് യുദ്ധത്തില്‍ നേരത്തെ ശത്രുപാളയത്തിലായിരുന്ന കെ. മുരളീധരന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വലിയ വിശ്വസ്ഥനാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ വടകരയില്‍ മത്സരിച്ചത് തന്നെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഭരണം കിട്ടിയാല്‍ ഇത്തവണ മുരളീധരന്‍ മന്ത്രിസഭയില്‍ വേണമെന്ന ആഗ്രഹവും ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. ഇതിനാലാണ് നേമത്ത് കുമ്മനത്തിനെതിരെ മത്സരിപ്പിച്ചിരുന്നത്. നേമത്ത് പരാജയപ്പെട്ടെങ്കിലും കുമ്മനത്തിന്റെ വിജയം തടഞ്ഞത് കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാതെ കാത്ത മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമാണെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളും അവകാശപ്പെടുന്നത്.
ബി.ജെ.പിയിലേക്ക് പോകേണ്ട കോണ്‍ഗ്രസ്സ് വോട്ടുകള്‍ തടഞ്ഞു നിര്‍ത്തുന്നതില്‍ ഒരു പരിധിവരെ മുരളീധരന്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് തോല്‍വിയിലും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയരാതിരിക്കുന്നത്. മുമ്പ് കെ.പി.സി.സി പ്രസിഡന്റായും കഴിവുതെളിയിച്ച നേതാവാണ് കെ. മുരളീധരന്‍. 2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റുമായ ആ കാലഘട്ടം കോണ്‍ഗ്രസ്സിന് പുതിയൊരു പ്രതിച്ഛായയാണ് നല്‍കിയിരുന്നത്. ആന്റണിയും മുരളീധരനും ചേര്‍ന്ന് യു.ഡി.എഫ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും നല്ല രീതിയില്‍ നയിച്ചപ്പോള്‍ ഗ്രൂപ്പ് പോര് തന്നെയാണ് ഒടുവില്‍ തിരിച്ചടിയാരുന്നത്.
എ.കെ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റെങ്കിലും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം തന്നെ അദ്ദേഹത്തിന് രാജിവെക്കേണ്ടിയും വന്നു. കാലുവാരല്‍ തന്നെയായിരുന്നു ഇവിടെയും മുരളിക്ക് വില്ലനായിരുന്നത്. തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. ഡി.ഐ.സിയിലും എന്‍.സി.പിയിലുമായി നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നത്. പിന്നീട് 2011 ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മികച്ച സംഘാടകനായ മുരളീധരന്‍ ഭൂരിപക്ഷ സമുദായത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പിന്തുണയുള്ള നേതാവായാണ് അറിയപ്പെടുന്നത്. ഈ മുരളീധരന്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ യുഗത്തിന്റെ തുടക്കത്തിനാണ് വഴി ഒരുക്കുക. അടുത്ത തവണ മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്ന വി.ഡി സതീശന്റെയും കെ.സി വേണുഗോപാലിന്റെയും പ്രതീക്ഷകളും ഇത്തരമൊരു സ്ഥാനാരോഹണത്തോടെ തകരും. ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നതും അതു തന്നെയാണ്. കേരള ഭരണം എന്നത് ഒരു സ്വപ്‌നമായി മാത്രം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാട് അത് എന്തു തന്നെയായാലും യു.ഡി.എഫിനും ഏറെ നിര്‍ണ്ണായകമായിരിക്കും.