കാസര്‍ഗോഡ് : പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടിലെത്തുക. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടാകും.
ഇന്നലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
ഇന്നലെ രാത്രി വിലാപയാത്രയ്ക്ക് ശേഷം കല്യോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം നടന്നിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു.