പാലാരിവട്ടം പാലം നിര്‍മാണം; ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി

പാലാ: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി കാണിച്ചവര്‍ നിയമത്തിനു മുന്നില്‍ വരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാലാരിവട്ടം കേസില്‍ ഉമ്മന്‍ ചാണ്ടിക്കു രക്ഷപ്പെടാന്‍ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരന്‍ എന്നുമൊക്കെയുള്ള പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Top