മെട്രോ യാത്രക്കെതിരായ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ ചാണ്ടി

Omman Chandy

തിരുവനന്തപുരം : കൊച്ചി മെട്രോയിലെ ജനകീയ യാത്രക്കെതിരായ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തില്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. പിസിസിയാണ് യാത്ര സംഘടിപ്പിച്ചത്.

ജനകീയ യാത്ര മെട്രോ നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കാന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ അധികൃതര്‍, ജനകീയ യാത്ര മെട്രോ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകീട്ടാണ് കെഎംആര്‍എല്‍ എംഡിയ്ക്ക് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Top