ഉമ്മൻചാണ്ടിയെ പനിയും ചുമയും ശ്വാസതടസവും മാറിയാല്‍ എയർ ആംബുലൻസിൽ ബെംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൽ ഉടൻ തന്നെ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാല്‍ ഉടൻ തന്നെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക.

അതേസമയം നേരത്തെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സര്‍ക്കാര്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധരെ ഉഘപ്പെടുത്തി ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സഹോദരന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് വിവിധ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഇവര്‍ ഉമ്മൻചാണ്ടി ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമായി കൂടിയാലോചന നടത്തുന്നുണ്ട്.

Top