വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നില്‍ പകയുടെ രാഷ്ട്രീയവും.സോളാര്‍ നായികയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിയാക്കിയതിന് പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കാനുള്ള അവസരമായാണ് ഉമ്മന്‍ ചാണ്ടി ഈ അവസരത്തെ കാണുന്നത്.ഭാവി പ്രധാനമന്ത്രി എന്ന ഇമേജോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമ്പോള്‍ 20 സീറ്റും തൂത്തുവാരാന്‍ കഴിയുമെന്ന് ഉമ്മന്‍ ചാണ്ടി കണക്ക് കൂട്ടുന്നു. ഈ സാഹചര്യം പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ തന്നെ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.സി.പി.എമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പൊട്ടിത്തെറിയിലേക്കും തോല്‍വി നയിക്കുമെന്നതിനാല്‍ ചുവപ്പിന്റെ പതനമാണ് ആത്യന്തികമായി അദ്ദേഹം ആഗ്രഹിക്കുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണ് വരികയെങ്കില്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തന്നെ കേരള – ബംഗാള്‍ സര്‍ക്കാരുകളെ പിരിച്ചുവിടുമെന്ന് ഉമ്മന്‍ ചാണ്ടി മാത്രമല്ല, രാഷ്ട്രിയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ പ്രതികരണത്തില്‍ തന്നെ ഇക്കാര്യം വ്യക്തവുമാണ്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നാലും വൈകി നടന്നാലും ചരിത്ര ഭൂരിപക്ഷത്തില്‍ യുഡിഎഫിന് അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനം ഉറപ്പിച്ച ഉമ്മന്‍ ചാണ്ടി അടുത്ത തവണ മുഖ്യമന്ത്രിയാകണമെന്ന് ഉറപ്പിച്ചാണ് കരുക്കള്‍ നീക്കുന്നത്.ഏറെ സമ്മര്‍ദ്ദമുണ്ടായിട്ടും ലോകസഭയിലേക്ക് മത്സരിക്കാതിരുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്.മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ് ചെന്നിത്തലക്കും ആ കസേരയോട് ആഗ്രഹമുള്ള മുല്ലപ്പള്ളി രാമചന്ദ്രനും, കെ.സി.വേണുഗോപാലിനുമൊക്കെ ഇനി അത് ഒരു ആഗ്രഹം മാത്രമായിരിക്കും.
സോളാര്‍ കേസ് വഷളാക്കിയതും തനിക്കെതിരെ ഗൂഢാലോചന നടത്തിയതും പാര്‍ട്ടിയിലെ എതിര്‍ ചേരിയാണെന്ന അഭിപ്രായവും ഉമ്മന്‍ ചാണ്ടിക്കുണ്ട്. ഇനി ഒരു ഊഴം ലഭിച്ചാല്‍ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രി പദം നല്‍കില്ലെന്ന ഉറച്ച നിലപാടും ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രചോദനമായതും സ്വന്തം പാളയത്തിലെ ഈ പടയാണെന്നന്നാണ് ഉമ്മന്‍ചാണ്ടിയുടെ അനുയായികളും സംശയിക്കുന്നത്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലും നേട്ടം കൊയ്ത ഐ ഗ്രൂപ്പിനെ തരിപ്പണമാക്കിയാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടത്.ഐ ഗ്രൂപ്പുകാരനായ മുരളീധരനും അടൂര്‍ പ്രകാശിനും നിലവില്‍ ഉമ്മന്‍ ചാണ്ടിയോടാണ് താല്‍പ്പര്യം. എന്തിനേറെ ഹൈബി ഈഡനു വേണ്ടി കെ.വി തോമസിനെ വെട്ടാന്‍ മുന്നില്‍ നിന്നതും എ ഗ്രൂപ്പാണ്. ഐ ഗ്രൂപ്പിനെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊളിച്ചടുക്കുക എന്ന അജണ്ടയും ഉമ്മന്‍ചാണ്ടിക്കുണ്ട്. കെ.സി വേണുഗോപാല്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായി രമേശ് ചെന്നിത്തലക്ക് മേല്‍ പറന്നതും ചെന്നിത്തല വിഭാഗത്തിന് തിരിച്ചടിയാണ്. ഐ ഗ്രൂപ്പില്‍ കുറു മുന്നണി ഉണ്ടാക്കാന്‍ വേണുഗോപാലും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. ആത്യന്തികമായി ഈ നീക്കവും ഉമ്മന്‍ ചാണ്ടിക്കാണ് ഗുണമാവുക.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ രാഹുലിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വവും ഇനി ഉമ്മന്‍ ചാണ്ടിക്കായിരിക്കും. അത് ചെറിയ ഭൂരിപക്ഷത്തിനായാല്‍ തിരിച്ചടിയാകും. ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആദ്യ മത്സരത്തില്‍ ഷാനവാസ് നേടിയതിനാല്‍ രാഹുല്‍ ചുരുങ്ങിയത് 3 ലക്ഷത്തിന്റെ മാര്‍ജിനില്ലെങ്കിലും ജയിക്കണം. അത് നിഷ്പ്രയാസം കഴിയുമെന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിന് നല്‍കിയിരിക്കുന്ന ഉറപ്പ്.അടുത്തയിടെ കേരളത്തില്‍ രാഹുല്‍ പങ്കെടുത്ത പരിപാടികളില്‍ പ്രവര്‍ത്തകരില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ കയ്യടി അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാക്കുന്നതാണ്. ഇത് രാഹുല്‍ പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ടെന്നാണ് എ ഗ്രൂപ്പ് നേതൃത്വം പറയുന്നത്.
കെ.സുധാകരന്‍, കെ.മുരളീധരന്‍ തുടങ്ങിയ ഉന്നതരെ ഡല്‍ഹിക്ക് പറഞ്ഞ് വിടുന്ന ഉമ്മന്‍ ചാണ്ടി കേരളത്തിലെ തന്റെ മുന്നിലുള്ള തടസ്സങ്ങള്‍ പൂര്‍ണ്ണമായാണ് മാറ്റിയിരിക്കുന്നത്. യു.പി.എ ക്ക് അധികാരം ലഭിച്ചാല്‍ കെ.സി വേണുഗോപാലിനെ രാജ്യസഭയില്‍ എത്തിച്ച് കേന്ദ്ര മന്ത്രിയാക്കുമെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തല്‍.ഒരിക്കല്‍ കൂടി മുഖ്യമന്ത്രി കസേരയിലിരുന്ന് ‘മാനസിക വേദന’ എന്താണെന്ന് സി.പി.എം നേതൃത്വത്തിന് കാണിച്ച് കൊടുക്കുമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശപഥം.
ഇന്നുവരെ കേരളത്തില്‍ ഒരു ഉന്നത രാഷ്ട്രീയ നേതൃത്വത്തോടും ഭരണകൂടം ചെയ്യാത്ത പ്രവൃത്തിയാണ് പിണറായി ഭരണകൂടം ചെയ്തതെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലങ്കില്‍ ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും ഈ സര്‍ക്കാര്‍ തയ്യാറാവുമായിരുന്നു എന്നാണ് അവര്‍ കരുതുന്നത്.മാനസികമായി കുടുംബത്തെ പോലും തകര്‍ത്ത സംഭവത്തില്‍ ഇടതിന് അനിവാര്യമായ തിരിച്ചടി അത് ഉമ്മന്‍ ചാണ്ടിയിലൂടെ തന്നെ നല്‍കുമെന്ന വാശിയിലാണ് എ ഗ്രൂപ്പ് നേതൃത്വം. അതിനായി കേരളത്തിന്റെ മണ്ണ് പാകപ്പെടുത്താന്‍ രാഹുലിന്റെ സാന്നിധ്യം യു.ഡി.എഫിനും ഉമ്മന്‍ ചാണ്ടിക്കും ഗുണം ചെയ്യുമെന്നും എ ഗ്രൂപ്പ് നേതൃത്വം കണക്കുകൂട്ടുന്നു.