ബെംഗളൂരു: ബെംഗളൂരുവിൽ വിദഗ്ധ ചികിത്സയ്ക്ക് എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് സ്കാനിംഗിന് വിധേയനാക്കി. ബെംഗളുരുവിലെ എച്ച്സിജി ആശുപത്രിയിൽത്തന്നെയായിരുന്നു പരിശോധനകൾ. ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. യു എസ് വിശാൽ റാവുവിന്റെ നിർദേശപ്രകാരമാണ് സ്കാനിംഗ് നടത്തിയത്. സ്കാനിംഗ് ഫലം നാളെ ലഭിക്കും. ഈ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുക.
ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സകൾ എങ്ങനെ വേണമെന്ന് ഡോക്ടർമാർ നാളെ തീരുമാനിക്കും. ഇന്ന് ഡോക്ടർമാർ ചേര്‍ന്ന യോഗത്തിലാണ് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്താന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് പോഷകാഹാരക്കുറവുണ്ട്. അത് പരിഹരിക്കാൻ വേണ്ട ചികിത്സാക്രമം ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളൂരു സംപിംഗ രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡും തുടര്‍ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്‍കിയത്.