തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലം.
വിഎസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് ഉമ്മന്‍ചാണ്ടി വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ബാംഗളൂരു കോടതിയില്‍ കേസുള്ള കാര്യം മറച്ചുവച്ച് തനിക്കെതിരെ ഇന്ത്യയില്‍ എവിടെയും കേസില്ലെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ ബംഗളൂരു കോടതി വിധിയില്‍ എക്‌സ് പാര്‍ട്ടിയായെന്നതു താന്‍ അറിഞ്ഞില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും പൊളിയുകയാണ്.
2016 ഏപ്രില്‍ 28നാണ് ഉമ്മന്‍ചാണ്ടി വിഎസിനെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചത്. എന്നാല്‍, അതിനും ആറു ദിവസം മുന്നേ ഉമ്മന്‍ചാണ്ടി ഒപ്പിട്ട വക്കാലത്ത് ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2016 ഏപ്രില്‍ 23നാണ് ബംഗളൂരു കോടതിയില്‍ വക്കാലത്ത് സമര്‍പിച്ചിരുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരം കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചത്.
ക്രിമിനല്‍ കേസില്‍ സത്യവാങ്മൂലം സമര്‍പിക്കുമ്പോള്‍ തനിക്കെതിരെ രാജ്യത്ത് മറ്റെവിടെയെങ്കിലും കേസുണ്ടെങ്കില്‍ അക്കാര്യം സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരിക്കണമെന്നാണ് ചട്ടം. ഈ നിയമമാണ് ഉമ്മന്‍ചാണ്ടി ലംഘിച്ചത്.
ഇതിനെല്ലാം പുറമേ ബംഗളൂരു കോടതി വിധി വന്നപ്പോള്‍ തന്നെ എക്‌സ്പാര്‍ട്ടിയാക്കിയത് അറിഞ്ഞില്ലെന്നും തന്റെ വാദം കേട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.
സമന്‍സ് അയച്ചിട്ടും വാദത്തിന് ഒരു കക്ഷി ഹാജരാകാതിരിക്കുമ്പോഴാണ് അയാളെ എക്‌സ്പാര്‍ട്ടിയായി കോടതി കണക്കാക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിഴയടയ്ക്കണമെന്നു ബംഗളൂരു കോടതി വിധി പുറപ്പെടുവിച്ചത്.
ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ നാലുപേര്‍ 1.61 കോടിരൂപ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി.