തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ വിഷയത്തില്‍ അന്വേഷണം വേണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യത്തോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി.
വി.എസ് സഭയില്‍ ഈ വിഷയമുന്നയിച്ചതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി, സര്‍ക്കാര്‍ നിലപാടെന്തെന്ന് ആരാഞ്ഞത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇതിനു മറുപടി പറഞ്ഞ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സഭയെ അറിയിച്ചു.
വിഴിഞ്ഞം വിഷയത്തില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്ന് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ തുറമുഖമന്ത്രി കെ.ബാബുവും ചേര്‍ന്ന് വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നല്‍കിയെന്നും വിഎസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ വിഎസ് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്.