തിരുവനന്തപുരം: വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴികാട്ടിയത് സിപിഎമ്മാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിക്ക് വഴികാട്ടുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് വിഎസ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. കേരളത്തില്‍ ബിജെപി യുഡിഎഫ് മത്സരമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പുതിയ തര്‍ക്കം ആരംഭിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴികാട്ടിയത് സിപിഎം
കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബിജെപിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സിപിഎമ്മാണ്. ഇത് എന്റെ വാദമല്ല. തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. അവ ഞാന്‍ സൂചിപ്പിക്കാം.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യുഡിഎഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബിജെപിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു.
ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍ഡിഎഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബിജെപിയാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ. യുഡിഎഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബിജെപിക്ക് ആദ്യമായി കേരളത്തില്‍ ഒരു എംപി ഉണ്ടാകുമായിരുന്നില്ലേ? ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബിജെപി പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യുഡിഎഫ് ബിജെപി ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.
ഇനി മഞ്ചേശ്വരത്തെ കണക്കുകള്‍ നോക്കാം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബിജെപിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍ഡിഎഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സിപിഎമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബിജെപിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സിപിഎം അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബിജെപിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സിപിഎമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ.
കേരളത്തിലും സിപിഎമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബിജെപിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സിപിഎം പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബിജെപി വോട്ട് പിടിച്ചത്. ഇത്തവണയും സിപിഎമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബിജെപി വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യുഡിഎഫ് ബിജെപി ബന്ധം ആരോപിക്കുന്ന സിപിഎമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണം