പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഊര് മൂപ്പനും മകനും ജാമ്യം ലഭിച്ചു. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഊര് മൂപ്പന്‍ ചൊറിയന്‍, മകന്‍ വി.എസ് മുരുകന്‍ എന്നിവര്‍ക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തെകുറിച്ചു അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. ഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല. പൊലീസിനെതിരെയുള്ള പരാതിയ്ക്ക് പുറമെ മുരുകനെതിരെ ഊരുനിവാസിയായ കുറുന്താചലം നല്‍കിയ പരാതിയും, തുടര്‍ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.