നോയിഡ: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ജാതിപ്പേരും കുടുംബപ്പേരും ചേര്‍ത്തതിന് നോയിഡ പൊലീസ് പിഴ ചുമത്തിയത് 1457 പേര്‍ക്ക്. സംഭവത്തില്‍ നോയിഡയിലും ഗ്രേറ്റര്‍ നോഡിയയിലുമായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജാതിപ്പേരിനും കുടുംബപ്പേരിനും പുറമേ ചിലര്‍ മതവും ജോലിയും വരെ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തുകയും, അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ഒട്ടിക്കുകയും ചെയ്തു. ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. 1457 വാഹനങ്ങളില്‍ 977 എണ്ണം ഇരുചക്രവാഹനങ്ങളും 480 എണ്ണം വലിയ വാഹനങ്ങളുമാണ്. ജാതി, മതം, ജോലി, രാഷ്ട്രീയം എന്നിവ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയതിന് മാത്രം നൂറിലധികം പേര്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.