എഐ മോഡലായ ഡാല്‍-ഇ 3 (DALL-E 3) നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കോഅലിയേഷന്‍ ഫോര്‍ കണ്ടന്റ് പ്രൊവിനന്‍സ് ആന്റ് ഒതന്റിസിറ്റി (സി2പിഎ) നിര്‍ദേശിക്കുന്ന സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ എഐ. ഡാല്‍-ഇ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന എഐ ചിത്രങ്ങളില്‍ താമസിയാതെ വാട്ടര്‍മാര്‍ക്കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇതില്‍ എല്ലാവര്‍ക്കും കാണാനാവുന്ന വിഷ്വല്‍ വാട്ടര്‍മാര്‍ക്കും, മെറ്റാഡാറ്റ വിവരങ്ങളും ഉള്‍പ്പെടും. ഇതുവഴി ആളുകള്‍ക്ക് സി2പിഎ വഴി ചിത്രങ്ങള്‍ എഐ നിര്‍മിതമാണോ എന്ന് വെരിഫൈ ചെയ്യാനാവും.
ബിങ് ഇമേജ് ജെനറേറ്റര്‍ ഉപയോഗിക്കുന്ന ചിത്രങ്ങളില്‍ മൈക്രോസോഫ്റ്റ് വാട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ജിപിടിയുടെ പിന്‍ബലത്തിലാണ് ഇതിന്റെ പ്രവര്‍ത്തനവും. ഗാലക്സി എസ് 24 സീരീസിലെ എഐ ഇമേജ് എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ സാംസങും വാട്ടര്‍മാര്‍ക്കും അപ്ഡേറ്റ് ചെയ്ത മെറ്റാഡാറ്റയും നല്‍കുന്നുണ്ട്. ഇത് താമസിയാതെ എസ് 23 യിലും ലഭിക്കും. എഐ നിര്‍മിച ചിത്രങ്ങളില്‍ മെറ്റയും വാട്ടര്‍മാര്‍ക്കുകള്‍ നല്‍കുന്നുണ്ട്.എന്നാല്‍ ഇങ്ങനെ നിര്‍മിക്കുന്ന ചിത്രങ്ങളിലെ വാട്ടര്‍മാര്‍ക്കുകള്‍ ക്രോപ്പ് ചെയ്താലും മെറ്റാ ഡാറ്റയില്‍ മാറ്റം വരുത്തിയാലും സി2പിഎ അനുസരിച്ച് നല്‍കിയ വിവരങ്ങള്‍ നഷ്ടപ്പെടും. കൂടാതെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പങ്കുവെച്ചാലും സി2പിഎ മെറ്റാഡാറ്റ വിവരങ്ങള്‍ നഷ്ടപ്പെടും.
ചിത്രങ്ങള്‍ മനുഷ്യനിര്‍മിതമാണോ, എഐ നിര്‍മിതമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയുന്നതിനാണ് ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്ക് നല്‍കുന്നത്. അഡോബി പോലുള്ള ബ്രാന്‍ഡുകളും ചില ക്യാമറ ബ്രാന്‍ഡുകളും നേരത്തെ തന്നെ സി2പിഎ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ട്. ചിത്രം ജനറേറ്റ് ചെയ്ത തീയ്യതി, സി2പിഎ ലോഗോ, എന്നിവ ചിത്രങ്ങളുടെ മുകളില്‍ ഇടത് കോണിലായി നല്‍കും. നിലവില്‍ ചാറ്റ് ഡിപിടി പ്ലസ് സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഡാല്‍- ഇ 3 ഉപയോഗിക്കാനാവുക.