തിരുവനന്തപുരം: നീണ്ട ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മാളുകളും റസ്റ്റോറന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ റസ്റ്ററന്റുകളില്‍ ഇരുന്നു കഴിക്കാമെന്നാണ് സര്‍ക്കാര്‍. എന്നാല്‍, സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് അവ അണുവിമുക്തമാക്കണം. മാളുകളില്‍ വിസ്തീര്‍ണം അനുസരിച്ച് ഒരു സമയം എത്രപേര്‍ എന്നു തീരുമാനിക്കണം.
ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുണ്ടാകണമെന്നാണ് നിബന്ധന. ഗോവണിപ്പടികളില്‍ പിടിച്ചു കയറരുത്. മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്. സംസ്ഥാനത്ത് നിര്‍മാണ സാധനങ്ങള്‍ക്കു വില കൂടുന്ന പ്രവണതയുണ്ട്. ഇതു ശക്തമായി തടയും. മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കണം.
പൊതു സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറ് അടി അകലം പാലിക്കണം എന്നത് ആരാധനാലയങ്ങളിലും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ എത്തുന്നവരെല്ലാം മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ആദ്യം വരുന്നവര്‍ ആദ്യം എന്നനിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരല്‍ ഉണ്ടാകരുത്.