തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം. നിലവിലെ സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ തടസ്സം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഈ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ഈ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ജൂണില്‍ ഫലപ്രഖ്യാനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.