ആശ്വാസമായി ഓപ്പറേഷന്‍ അജയ്; 2 വിമാനങ്ങള്‍ കൂടി ഇസ്രയേലില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

ടെല്‍അവീവ്: ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലില്‍ നിന്ന് പുറപ്പെടും. ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന ഇന്ത്യക്കാരില്‍ മലയാളികളുമുണ്ട്. വൈകിട്ട് 5 മണിക്ക് ടെല്‍ അവീവില്‍ നിന്നും പുറപ്പെടുന്ന ആദ്യ എയര്‍ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയില്‍ എത്തും. രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ടെല്‍ അവീവില്‍ നിന്നും പുറപ്പെടുന്ന പ്രത്യേക സ്‌പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ദില്ലിയില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

‘ഓപ്പറേഷന്‍ അജയ് ‘യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെയാണ് ഇവര്‍ എത്തിയത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം പെരിന്തല്‍ മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്.

കഴിഞ്ഞ ദിവസം രാത്രി ടെല്‍ അവീവില്‍ നിന്നും പ്രത്യക വിമാനത്തില്‍ തിരിച്ച ഇവര്‍ പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെത്തിയത്. പിന്നീട് എ.ഐ 831 നമ്പര്‍ ഫ്‌ലൈറ്റില്‍ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം പാലക്കാട് സ്വദേശി നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്ക്കാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്. ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്.

Top