ന്യൂഡല്‍ഹി: സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസ് സേനകള്‍, നേവി ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്.
ഒരു മാസം മുന്‍പാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം എന്‍ഐഎയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഓപ്പറേഷന് ഡോള്‍ഫിന്‍ നോസ് എന്ന പേര് നല്‍കിയത്.
അറസ്റ്റിലായ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. എങ്കിലും നേവിയിലെ താഴ്ന്ന ഗ്രേഡ് ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. നാവിക സേനയുടെ കപ്പല്‍ വിന്യാസം അടക്കം സുപ്രധാന വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവര്‍ കൈമാറിയ വിവരങ്ങള്‍ എന്താണെന്ന് വിശദമായ ചോദ്യം ചെയ്യലിലെ വ്യക്തമാകൂ.