ആലപ്പുഴ: ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുക്കുകയും 62000 രൂപ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. 5 താലൂക്കുകളിലായിരുന്നു പരിശോധന നടത്തിയത്.
എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഫോർട്ട് കൊച്ചിയിലും പൊലീസ് മിന്നൽ പരിശോധന നടത്തി. 30 ഓളം പ്രൈവറ്റ് ബസ്സുകളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ പിടിയിലായി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനൊപ്പം ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എറണാകുളം തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവർ അനസിനെതിരെയാണ് കേസെടുത്തത്. ബസുകളുടെ മത്സര ഓട്ടത്തിൽ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനെന്ന് മരിച്ച ലോറൻസിന്റെ മകൾ അന്ന പറഞ്ഞു. അപകടം വരുത്തിയ ബസ് കോൺഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി.എം അബ്ദുവിന്റേത് ആണ്. ഇടച്ചിറ വാർഡ് മെമ്പർ കൂടിയാണ് പി.എം അബ്ദു.