ഓപറേഷന്‍ ഗംഗ തുടരുന്നു; മള്‍ഡോവ അതിര്‍ത്തി തുറന്നെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങള്‍ ദില്ലിയില്‍ തിരിച്ചെത്തും. പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദില്ലിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാര്‍ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കര്‍ക്കിവില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള പദ്ധതി ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മള്‍ഡോവയുടെ അതിര്‍ത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ വഴി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top