ന്യൂഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റില്‍ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ നല്‍കിയ വിവരം. ഇന്ന് രാവിലെ 8 മണിക്കുള്ളില്‍ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങള്‍ ദില്ലി വിമാനത്താവളത്തിലും, 2 എയര്‍ഫോര്‍സ് വിമാനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലും എത്തും. കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും.
കീവില്‍ നിന്നും രക്ഷപ്പെട്ട് അതിര്‍ത്തികളില്‍ എത്തിയ വിദ്യാര്‍ത്ഥികളാകും വരും ദിവസങ്ങളില്‍ കൂടുതലായും ഇന്ത്യയിലെത്തുക. അതേസമയം ഹാര്‍ഖീവിലുള്ള കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തികളിലേക്കുള്ള ട്രെയിനില്‍ കയറാന്‍ സാധിച്ചത് ആശ്വാസമാവുകയാണ്.