തിരുവനന്തപുരം: ബ്‌ളേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ കുബേര അട്ടിമറിച്ചതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ കുബേരയുടെ അന്വേഷണം തട്ടിപ്പാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഇതിലൂടെ ആഭ്യന്തരമന്ത്രിയും അന്വേഷണോദ്യോഗസ്ഥരും എത്ര കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തമെണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതിയുടെ ആവശ്യപ്രകാരം അന്വേഷണോദ്യോഗസ്ഥനെ മൂന്നു തവണ മാറ്റിയത് അന്വേഷണത്തിലെ കള്ളക്കളി വെളിപ്പെടുത്തുന്നതാണെന്നാണ് കോടതി പറഞ്ഞത്. ആറു ലക്ഷം രൂപ പലിശയ്‌ക്കെടുത്ത വീട്ടമ്മ പത്തരലക്ഷം തിരിച്ചടച്ചതിനു ശേഷവും ഈടു നല്‍കിയ വസ്തു തിരികെ ലഭിക്കുന്നതിന് 45 ലക്ഷം കൂടി നല്‍കണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്.
ഇങ്ങനെ കഴുത്തറുപ്പന്‍ സമീപനം സ്വീകരിക്കുന്ന പ്രതിക്കുവേണ്ടി ആഭ്യന്തരമന്ത്രി തന്നെ ഇടപെട്ട് മൂന്നു തവണ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലൂടെ, ഓപ്പറേഷന്‍ കുബേരയെയും അഴിമതി നടത്താനുള്ള പഴുതായി ആഭ്യന്തരമന്ത്രിയും പൊലീസുകാരും ഉപയോഗിക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് പാവപ്പെട്ട മനുഷ്യരെ രക്ഷിക്കുകയല്ല, ബ്‌ളേഡ്കാര്‍ക്ക് സംരക്ഷണം നല്‍കുകയും അതുവഴി സ്വന്തം കീശ വീര്‍പ്പിക്കുകയുമാണ് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്. മന്ത്രിമാര്‍ക്കെതിരായ മറ്റ് അഴിമതി അന്വേഷണങ്ങളെപ്പോലെ തന്നെ വട്ടിപ്പലിശക്കാരായ സ്വന്തക്കാരെ രക്ഷിക്കുകയാണ് ഓപ്പറേഷന്‍ കുബേരയിലൂടെ ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു.