ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിലെ (ബിആർഎസ്) എംഎൽഎമാരെ പണം കൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ പൊലീസിന് കസ്റ്റഡിയിൽ വാങ്ങാമെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയാണ് ബിആർഎസ്.
ഇവരെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ വ്യാഴാഴ്ച കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇവരെ വിട്ടയച്ചു. ഇതിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പ്രതികളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന സെക്ഷൻ 41 പ്രകാരം നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പോലീസിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച അഴിമതി വിരുദ്ധ ബ്യൂറോ കോടതി കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഴിമതി നിരോധന നിയമം ഈ കേസിൽ ബാധകമല്ലെന്ന് പറഞ്ഞ് ഇവരെ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഹൈദരാബാദിന് സമീപമുള്ള ഫാംഹൗസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബി.ആർ.എസിന്റെ നാല് എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പാര്‍ട്ടിമാറാന്‍ കൈക്കൂലി നൽകിയ സംഭവത്തിലാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ ബിആര്‍എസ് “ഓപ്പറേഷൻ താമര” തെലങ്കാനയില്‍ നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം സജീവമാക്കിയിരുന്നു. പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. എംഎൽഎമാരാണ് പോലീസിന് വിവരം നല്‍കിയത് എന്നാണ് പോലീസ് മേധാവി എൻഡിടിവിയോട് പറഞ്ഞത്.
അതേ സമയം സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അദ്ദേഹത്തിന്റെ പാർട്ടിയും ‘ഓപ്പറേഷന്‍ താമര’ നാടകം സംഘടിപ്പിച്ചതെന്ന് തെലങ്കാന ബിജെപി ആരോപിച്ചു.