കൊച്ചി : തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജഗ്ഗു സ്വാമിയുടെ സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും. ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകരാണ് അപേക്ഷ സമർപ്പിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി ഹർജിക്കാർ ആരോപിച്ചു.
ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും കൊച്ചി അമൃത ആശുപത്രിയിലെ ഡെപ്യൂട്ടി മാനേജര്‍ ഡോക്ടര്‍ ജഗ്ഗു സ്വാമിക്കുമെതിരെ തെലങ്കാന പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാരിനെ അട്ടിമറിക്കാൻ ഇടനിലക്കാരായി എന്ന കേസിൽ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവർ ഒളിവിലാണ്. തെലങ്കാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജഗ്ഗു സ്വാമിയെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുക മാത്രമാണെന്നും ഹർജിക്കാർ പറഞ്ഞു.