ഓപ്പറേഷന്‍ മരട്’; മരട് അനീഷിനെ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു

കൊച്ചി: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനക്കാട്ടില്‍ അനീഷിനെ (മരട് അനീഷ്) തിങ്കളാഴ്ച രാത്രി പിടികൂടി കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്റെ ശുപാര്‍ശയിന്മേല്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ രാജ്കുമാറിന്റെ നിര്‍ദേശാനുസരണം മരട് എസ്.എച്ച്.ഒ സാജു ആന്റണി, അനീഷിനെ അറസ്റ്റ് ചെയ്യുകയും ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടയ്ക്കുകയുമായിരുന്നു.

അനീഷിനെയും സംഘത്തെയും പിടിക്കാന്‍ ‘ഓപ്പറേഷന്‍ മരട്’ എന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനക്കാട്ടില്‍ അനീഷിനെ (മരട് അനീഷ്) തിങ്കളാഴ്ച രാത്രിയാണ് കൊച്ചി സിറ്റി പോലീസ് ആശുപത്രി വളഞ്ഞു പിടികൂടിയത്. 2022-ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകശ്രമ കേസിലും, ഒക്ടോബര്‍ 31-ന് പനങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും പോലീസ് ഇയാളെ അന്വേഷിക്കുകയായിരുന്നു.

ഒളിവിലായിരുന്ന ഇയാള്‍ കൈയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ.അക്ബറിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് 25-ഓളം പോലീസുകാരടങ്ങിയ സംഘം രാത്രി 12:30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ് അനീഷ്. കേരളത്തില്‍ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45 ഓളം കേസുകളുണ്ട്.

Top