തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് ഇതുവരെ വലയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ പിടിയിലായത് 41 പേരാണ്. സംസ്ഥാനത്തെ 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. 339 കേസുകൾ റജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകൾ റജിസ്റ്റർ ചെയ്യുകയും 428 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ ഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്. പുതിയ ഘട്ടത്തിൽ അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇനി അതിവേഗം കുടുക്ക് വീഴും. ഇതിലൂടെ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. നിരവധി പേർ സൈബർഡോമിന്റെയും ഇന്റർപോളിന്റെയും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.
പുതിയ ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത്. 6 പേർ. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും 4 പേരെ വീതം അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ റെയിഡും, കേസുകളും റജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. 49 എണ്ണം. രണ്ടാമത് മലപ്പുറമാണ് 48. സിആര്‍പിസി 102, പോക്സോ അടക്കം 67 ബി ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാനുള്ള കേരളാ പൊലീസിന്റെ സാങ്കേതിക സംവിധാനം ഇത്തരക്കാരെ വീഴ്ത്താൻ സഹായമാകുന്നുണ്ട്. നിലവിൽ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഇതിന് പുറമേ ബാലവകാശ നിയമങ്ങളും ചേര്‍ത്ത് പിടിയിലായവര്‍ക്കെതിരെ നിയമനടപടികളും ശക്തമാക്കുവനാണ് പൊലീസിന്‍റെ ശ്രമം