ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ യുഎഇയിലേക്ക് തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് യുഎഇയിലേക്ക് പോകുന്നത്. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നേവി അധികൃതര്‍ അറിയിച്ചു.
ഇന്ത്യ സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പല്‍ പോകുമ്പോള്‍ അവിടെയുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരും. ഐഎന്‍എസ് കേസരി ഇതിനകം ദക്ഷിണ ഇന്ത്യന്‍സമുദ്ര മേഖലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ജൂണ്‍ വരെ അവിടെ ഉണ്ടാകും. മഡഗാസ്‌കര്‍, കൊമോറോസ്, മാലദ്വീപ്, സെയ്ഷല്‍സ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് 10-12 ടണ്‍ മരുന്നുകള്‍ വീതം എത്തിക്കും. കൂടാതെ 660 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാലദ്വീപിലേക്കും എത്തിക്കും.
മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐഎഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ വീണ്ടും പോകും. മാലദ്വീപില്‍ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. 19 ഗര്‍ഭിണികളും 14 കുട്ടികളും കപ്പലിലുണ്ട്. നാനൂറോളം പേര്‍ മലയാളികളാണ്. യാത്രാനിരക്ക് 3024 രൂപ. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരില്‍ 4,500 ഓളം ആളുകള്‍ മടങ്ങിവരുന്നതിനായി ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.