‘ഓപറേഷന്‍ സണ്‍റൈസ്’; അതിര്‍ത്തികളിലെ ഭീകരരെ തുരത്താന്‍ ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത നീക്കം

ന്യൂഡല്‍ഹി: അതിര്‍ത്തികളിലെ ഭീകരരെ തുരത്താന്‍ സംയുക്ത നീക്കം നടത്തി ഇന്ത്യയും മ്യാന്‍മറും. ഓപറേഷന്‍ സണ്‍റൈസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ നിരവധി ഭീകര ക്യാമ്പുകള്‍ ഇന്തോമ്യാന്‍മര്‍ സൈന്യം തുരത്തി.

മേയ് 16 മുതല്‍ മൂന്നാഴ്ച നീണ്ട നടപടിയില്‍ എഴുപതോളം ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്തോമ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു ആക്രമണം. മണിപ്പുര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള ഭീകരക്യാംപുകളാണു തകര്‍ത്തത്.ഭീകര സംഘടനകളായ കംതപുര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(കെഎല്‍ഒ), എന്‍എസ്സിഎന്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്(എന്‍ഡിഎഫ്ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണു തകര്‍ത്തത്.

ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അന്‍പതോളം ഭീകര ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. അസം റൈഫിള്‍സും സൈനിക നടപടിയില്‍ പങ്കെടുത്തു. 1640 കിലോമീറ്റര്‍ ദൂരം അതിര്‍ത്തിയാണ് മ്യാന്‍മറുമായി ഇന്ത്യ പങ്കിടുന്നത്.

മൂന്നുമാസം മുന്‍പായിരുന്നു ഓപറേഷന്‍ സണ്‍റൈസിന്റെ ഒന്നാം ഘട്ടം നടത്തിയത്. ഇത്തവണത്തേത് രണ്ടാം ഘട്ടമായിരുന്നു. അവശേഷിക്കുന്ന ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനായി കൂടുതല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും സൈന്യം അറിയിച്ചു.

Top