ഡല്‍ഹി: എ.എ.പിയും ഒടുവില്‍ ബി.ജെ.പി യുടെ ഓപ്പറേഷന്‍ താമരപ്പേടിയില്‍ കുടുങ്ങിയോ എന്ന ചോദ്യമാണ് ഡല്‍ഹിയില്‍ നിന്നും ഉയരുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാല്‍ 25 കോടി തരാമെന്നും വാഗ്ദാനം ലഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് എ.എ.പി നേതൃത്വം തന്നെയാണ്. അല്ലാത്ത പക്ഷം ഇ.ഡി,സി.ബി.ഐ അന്വേഷണത്തെ നേരിടാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു.
പണം വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമര പയറ്റാന്‍ ബിജെപി ശ്രമിച്ചുവെന്നും പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. വിവാദ മദ്യ നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചുവെങ്കിലും ഇതിലേക്ക് പല എം.എല്‍.എമാരും എത്താത്തതാണ് എ.എ.പിയെ ആശങ്കയിലാക്കിയിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ 6 എം.എല്‍.എമാർ ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പങ്കെടുത്തു. മറ്റു പരിപാടികളിലും പലസ്ഥലങ്ങളിലുമായതുകൊണ്ടാണ് തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നു എംഎൽഎമാർ അറിയിച്ചു.
കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.