ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രധാന ഓപറേഷന്‍ തീയേറ്ററുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി നല്‍കി.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റയാണ് അവധി പ്രഖ്യാപിച്ചത്. ദീപാവലി ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.
എന്നാല്‍ ലേബര്‍ റൂമിലെ ഓപറേഷന്‍ തീയേറ്ററിനും അടിയന്തര ഓപറേഷന്‍ തീയേറ്ററിനും അവധിയില്ല. വര്‍ഷത്തില്‍ 12 ദിവസം ഓപറേഷന്‍ തീയേറ്ററിന് അവധി നല്‍കാമെന്നാണ് നിയമമുണ്ടെന്ന് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഓപറേഷന്‍ തീയേറ്ററിന് ഏതെല്ലാം ദിവസമാണ് അവധി നല്‍കണമെന്നത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്.
ഈ അധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ അവധി നല്‍കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സാധാരണ ഗതിയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ആശുപത്രിയില്‍ വലിയ ശസ്ത്രക്രിയകള്‍ നടക്കാറില്ല.
ശനിയാഴ്ച ദീപാവലി ആയതോടെ അന്നും അവധി നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ അടുപ്പിച്ച് രണ്ടു ദിവസം ഇവിടെ ശസ്ത്രക്രിയകള്‍ മുടങ്ങും.