ചുവപ്പിനെ നെഞ്ചിലേറ്റി പൊന്നാനിയും, അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് പൊന്നാനിയാണ്. കഴിഞ്ഞ രണ്ടു തവണയും പൊന്നാനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി.ശ്രീരാമകൃഷ്ണനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15, 640 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ കമ്യൂണിസ്റ്റ് നേടിയിരുന്നത്. രാഹുല്‍ ഗാന്ധി കടലില്‍ ചാടിയ പശ്ചാത്തലത്തില്‍ ഈ തീരദേശ മണ്ഡലം ലക്ഷ്യമിട്ട് യു.ഡി.എഫും ശക്തമായ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സാണ് വീണ്ടും പൊന്നാനിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയമാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

യു.ഡി.എഫിന്റെ കൈവശമുള്ള രണ്ടു ഗ്രാമ പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തതോടെ ഇടതു പ്രവര്‍ത്തകരുടെ പ്രതീക്ഷ കുന്നോളമാണ്. അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പൊന്നാനി മണ്ഡലത്തിലുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയാല്‍ മണ്ഡലത്തില്‍ ഇടതു മുന്നണിയുടെ ഭൂരിപക്ഷം നിലവില്‍ പതിമൂവായിരത്തിനും മുകളിലാണ്. പൊന്നാനി നഗരസഭയില്‍ മാത്രം ആറായിരത്തിനടുത്താണ് ഭൂരിപക്ഷം. ചരിത്രത്തില്‍ ആദ്യമായി പൊന്നാനി നഗരസഭ തുടര്‍ ഭരണത്തിലേക്ക് എത്തിയതും ഇത്തവണയാണ്. ഏറ്റവും വലിയ ഭൂരിപക്ഷവും ഇവിടെ ചെമ്പട നേടുകയുണ്ടായി. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ 38 എണ്ണവും ഇടതുപക്ഷമാണ് തൂത്തുവാരിയത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നാലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്.

നറുക്കെടുപ്പിലൂടെ ഭരണം കിട്ടിയ വെളിയങ്കോട് മാത്രമാണ് യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും ആശ്വാസമായുള്ളത്. 15 വര്‍ഷമായി യു.ഡി.എഫ് ഭരിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്ത് ഇത്തവണ ഇടതു മുന്നണി പിടിച്ചെടുത്തത് യു.ഡി.എഫിന് ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം തന്നെയായിരുന്നു. ആലങ്കോട് പഞ്ചായത്തിലും ഇടതുമുന്നണിയാണ് ഭരണം പിടിച്ചിരിക്കുന്നത്. മാറഞ്ചേരിയിലും നന്നംമുക്കിലും ഭരണം നിലനിറുത്തുവാനും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തെ ഇടതുപക്ഷം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടതുപക്ഷം നിയമസഭ തിരഞ്ഞെടുപ്പിനെയും നേരിടുന്നത്.

ചുവപ്പിന്റെ ഈ പ്രതീക്ഷക്ക് ബലമേകുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പുറത്തു വന്നിരിക്കുന്നത്. എറണാകുളത്തെ വിവിധ കോളജുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളെ മുന്‍ നിര്‍ത്തി ‘ടെക് ബൈ ഹാര്‍ട്ട് ‘ നടത്തിയ സര്‍വേയിലും വ്യക്തമായ മുന്‍തൂക്കമാണ് പൊന്നാനിയില്‍ പ്രവചിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വേ നടത്തിയ മണ്ഡലങ്ങളിലെ ആദ്യ ഫലമാണിപ്പോള്‍ പൊന്നാനിയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിങ്ങളുടെ എംഎല്‍എയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുളള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് മികച്ചത് എന്ന മറുപടി നല്‍കിയിരിക്കുന്നത് 48%മാണ്. കുഴപ്പമില്ല എന്നു 44% അഭിപ്രായപ്പെട്ടപ്പോള്‍ മോശം എന്നു രേഖപ്പെടുത്തിയത് 8% പേര്‍ മാത്രമാണ്.

നിയമസഭാ സ്പീക്കര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ അദ്ദേഹം തെറ്റുകാരനാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 13% പേര്‍ മാത്രമാണ് അതെ എന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം 43% പേരും സ്പീക്കര്‍ തെറ്റുകാരനല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പറയാനാകില്ലെന്ന നിലപാട് സ്വീകരിച്ചതാകട്ടെ 44% പേരാണ്. ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 15% പേര്‍ ഉണ്ടെന്ന് വിശ്വസിക്കുമ്പോള്‍ ഇല്ലെന്ന് തുറന്നു പറഞ്ഞിരിക്കുന്നത് 42% മാണ്. ഇക്കാര്യത്തില്‍ പറയാനാകില്ലന്ന നിലപാട് 43% വും സ്വീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ നിലവിലുളള എം.എല്‍.എ തുടര്‍ന്നും മത്സരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം തേടിയപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 50%വും ശ്രീരാമകൃഷ്ണന്‍ മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മത്സരിക്കേണ്ടതില്ലന്ന് അഭിപ്രായപ്പെട്ടത് 15% മാത്രമാണ്. ഇക്കാര്യത്തില്‍ അഭിപ്രായമില്ലാത്തത് 34% പേര്‍ക്കാണ്. ഇടതുപക്ഷ സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തും എന്ന ചോദ്യത്തിന് മികച്ചതെന്ന് പറഞ്ഞിരിക്കുന്നത് 45% മാണ്.

കുഴപ്പമില്ലന്ന് 45% അഭിപ്രായപ്പെട്ടപ്പോള്‍ മോശം എന്നു രേഖപ്പെടുത്തിയത് 10% മാത്രമാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 2,144 പേരാണ് പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഈ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 36 പേരടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഘം മൂന്നു ദിവസം മണ്ഡലത്തില്‍ തങ്ങിയാണ് സര്‍വേക്ക് നേതൃത്വം കൊടുത്തിരുന്നത്.

 

Top