ഓപ്പോ ഫൈന്റ് എന്‍3 ഫ്ളിപ്പ് ഒക്ടോബര്‍ 22 മുതല്‍ വിപണിയില്‍; 4400 എംഎഎച്ച് ബാറ്ററി, ഡൈമെന്‍സിറ്റി 9200

മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9200 ചിപ്പ് ശക്തിപകരുന്ന ഓപ്പോയുടെ പുതിയ ഫ്ളിപ്പ് ഫോണായ ഫൈന്റ് എന്‍3 പുറത്തിറക്കി. ഒക്ടോബര്‍ 22 മുതല്‍ വില്‍പനയ്ക്കെത്തും. 94999 രൂപയിലാണ് വില ആരംഭിക്കുന്നത്. ഫ്ളിപ്കാര്‍ട്ടിലും ഓപ്പോ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്ക്കെത്തും. വിവിധ ബാങ്കുകള്‍ വഴി 12000 രൂപയുടെ ഓഫറുകളും നല്‍കുന്നുണ്ട്.

വണ്‍പ്ലസിന്റെ അലര്‍ട്ട് സ്ലൈഡര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഫോണിനുണ്ട്. 3.26 ഇഞ്ച് വലിപ്പമുള്ള ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള അമോലെഡ് സ്‌ക്രീനാണ് ഫോണിന്റെ പുറത്തുള്ളത്. 6.8 ഇഞ്ച് എല്‍ടിപിഒ 120 ഹെര്‍ട്സ് ഇന്നര്‍ ഡിസ്പ്ലേയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 13.2 ആണിതില്‍. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുണ്ട്.

ഹാസല്‍ ബ്ലാഡിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഓപ്പോ ഫൈന്റ് എന്‍3 ഫ്ളിപ്പിന്. 50 എംപി പ്രൈമറി സെന്‍സര്‍, 32 എംപി ടെലിഫോട്ടോ സെന്‍സര്‍, 48 എംപി അള്‍ട്ര വൈഡ് സെന്‍സര്‍ എന്നിവയും ഉണ്ട്. 32 എംപി സെല്‍ഫി ക്യാമറയാണിതില്‍. 4400 എംഎഎച്ച് ബാറ്ററിയില്‍ 44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 12 ജിബി റാം-256 ജിബി സ്റ്റോറേജ് പതിപ്പിന് 94999 രൂപയാണ് വില. സാംസങ് ഗാലക്സി ഫ്ളിപ്പ് 5, മൊട്ടോറോള റേസര്‍ 40 അള്‍ട്ര തുടങ്ങിയ ഫോണുകളാണ് മുഖ്യ എതിരാളികള്‍.

Top