മലിനീകരണ മുക്തമായ ഗതാഗത സംവിധാനം എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ ലോകത്താകമാനം നിരത്തുകളില്‍ എത്തി തുടങ്ങിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോകം കൈകൊടുത്തതോടെ നിരവധി പുതിയ കമ്പനികളും ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് എത്തിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ആണെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ കമ്പനികളാണ് ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നത്.
മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനികളായ വാവേ, ഷവോമി, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നുവെന്നത് രഹസ്യമല്ല. എന്നാല്‍, ഈ പട്ടികയിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയും എത്തുകയാണെന്നാണ് വിവരം. ചൈനീസ് കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണെന്ന് ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇലക്ട്രിക് കാറിന്റെ നിര്‍മാണം സംബന്ധിച്ച് ഒപ്പോ ഔദ്യോഗിക സ്ഥിരീരണം നടത്തിയിട്ടില്ലെങ്കിലും വാഹന നിര്‍മാണത്തിന്റെ പ്രാരംഭ നടപടികളിലാണ് കമ്പനിയെന്നാണ് സൂചനകള്‍. 2023 അവസാനത്തോടെ ഒപ്പോയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പോയുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ 2024-ല്‍ ഈ വാഹനം എത്തിക്കുമെന്നും വിവരമുണ്ട്. വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധമായ വിവരങ്ങളൊന്നും നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വാഹന നിര്‍മാണം എന്ന പുതിയ സംരംഭത്തിനായി ഒപ്പോ ജീവനക്കാരെ നിയമിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പോയുടെ സി.ഇ.ഒ. ടോണി ചാന്‍ ടെസ്‌ലയുടെ വിതരണക്കാരുമായും സുപ്രധാനമായ ബാറ്ററി നിര്‍മാതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനം ഉറപ്പാക്കുന്ന കമ്പനികളുടെ കോണ്‍ഫറന്‍സില്‍ ഒപ്പോയ്ക്കും ക്ഷണം ലഭിച്ചതോടെയാണ് വാഹനം നിര്‍മാണം സംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്.
2024-ല്‍ ഇലക്ട്രിക് വാഹന നിര്‍മാണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഷവോമി ഉറപ്പ് നല്‍കിയത്. വാവേയും ഇലക്ട്രിക് കാറുകളുടെ നിര്‍മാണം നടത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഡ്രൈവറില്ലാതെ ഓടാന്‍ സാധിക്കുന്ന കാറുകളാണ് ആപ്പിളിന്റെ ലക്ഷ്യമെന്നാണ് വിവരം. ആപ്പിള്‍ കാറിന്റെ മാതൃകകളും മുമ്പ് സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞിട്ടുണ്ട്. 2025-ഓടെ ആപ്പിളിന്റെ ഡ്രൈവര്‍ലെസ് കാറുകള്‍ എത്തിയേക്കും.