സില്‍വര്‍ ലൈന്‍; എതിര്‍ക്കുന്നവരെല്ലാം ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല: സിപിഐ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ. എതിര്‍ക്കുന്നവര്‍ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം. ജനങ്ങളെ ബോധ്യപ്പെടുത്തി സ്വപ്ന പദ്ധതിയായി കെ റെയില്‍ നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.

സര്‍ക്കാരിനെയും സര്‍ക്കാരിനെ അനുകൂലിക്കുന്നവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ പരിശ്രമം നടക്കുന്നുണ്ട്. അതിന്റെയൊക്കെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നമ്മള്‍ കുറച്ചുകൂടി ജനങ്ങളിലേക്ക് പോകേണ്ടതുണ്ട്. ചില കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തിരുത്തലുകള്‍ വേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്റെ ചില ഉദ്യോഗസ്ഥന്മാര്‍ എടുക്കുന്ന സമീപനങ്ങള്‍ വളരെ ആശങ്കയുണ്ടാക്കുന്നുണ്ട്.

ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് പാരിസ്ഥിതികവിഷയങ്ങളിലും സാമൂഹികാഘാത പഠനങ്ങളിലുമെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമീപനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. കേരളത്തില്‍ ആരെയും വേദനിപ്പിച്ചുകൊണ്ട്, ആരെയും ദുഃഖത്തിലാക്കിക്കൊണ്ട് കെ റെയിലല്ല, ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്ന് ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞു.

പിന്നെ എന്തിനാണ് ഉദ്യോഗസ്ഥര്‍ ധൃതി കാട്ടുന്നതെന്ന് പ്രകാശ് ബാബു ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം. പദ്ധതി ഇന്നു തന്നെ ചെയ്തേ മതിയാകൂ എന്നില്ല. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂ. രാഷ്ട്രീയപ്രേരിതമായി വരുന്നവരെയും കിടപ്പാടം നഷ്ടപ്പെടുന്നവരെയും വേര്‍തിരിച്ച് കാണണം. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്തു വരുമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

 

Top