നാസയുടെ ‘ഓപ്പര്‍ച്യുണിറ്റി റോവറി’ന്റെ പകര്‍പ്പ് എക്‌സ്‌പോയില്‍

ദുബൈ: നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ ‘ഓപ്പര്‍ച്യുണിറ്റി റോവറി’ന്റെ പകര്‍പ്പ് എക്‌സ്‌പോയില്‍. യു.എസ് പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണില്‍നിന്നാണിത് എത്തിച്ചത്. ചന്ദ്രനില്‍ നി ന്നുള്ള കല്ലിനൊപ്പമാണ് റോവര്‍ പ്രദര്‍ശിപ്പിക്കുക. യു.എസ് പവലിയനിലെ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് യു.എസിന്റെ അപ്പോളോ മിഷനിലൂടെ ഭൂമിയിലെത്തിച്ച ഏറ്റവും വലിയ ചന്ദ്രനിലെ കല്ല്.

ഭൂമിയിലെ എല്ലാ കല്ലുകളേക്കാളും പഴക്കം കണക്കാക്കുന്ന ഇതിന്റെ പ്രായം ഏകദേശം 3.75 ശത കോടിയാണ്. അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ജാക്ക് ഷ്മിറ്റ് അപ്പോളോ 17ന്റെ ലൂണാര്‍ മൊഡ്യൂള്‍ ലാന്‍ഡിങ് സൈറ്റിന് സമീപത്തുനിന്നാണിത് ശേഖരിച്ചത്.

ഇതുവരെ ചന്ദ്രനില്‍നിന്ന് ഭൂമിയിലെത്തിച്ച കല്ലുകളില്‍ ഏറ്റവും വലുതാണിത്. ഇതിനൊപ്പം അന്റാര്‍ട്ടിക്കയില്‍ 2012-13 സീസണില്‍ കണ്ടെത്തിയ ചൊവ്വയില്‍നിന്നുള്ള ഉല്‍ക്കയുടെ മാതൃകയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് 2004ല്‍ ചൊവ്വയില്‍ ഇറങ്ങിയ മാര്‍സ് ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ മാതൃകയും പ്രദര്‍ശനത്തിലെത്തിയത്.

പവലിയനില്‍ എക്‌സിബിഷന്‍ കണ്ട് പുറത്തിറങ്ങുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ കൂറ്റന്‍ മാതൃകയും തയാറാക്കിയിട്ടുണ്ട്.

 

Top