Opposition Afride of V.S coming Chairman of Administrative reforms commission

തിരുവനന്തപുരം : സംസ്ഥാന ഭരണപരിഷ്‌ക്കരണ അദ്ധ്യക്ഷനാവുന്നതോടെ വി.എസ് പുതിയ പോര്‍മുഖം തുറക്കും.

ഇപ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി വിവാദ വിഷയങ്ങളില്‍ ‘മൗനം’ പാലിക്കുന്ന വി.എസ്.അച്ചുതാനന്ദന്‍ ഭരണപരിഷ്‌ക്കരണ അദ്ധ്യക്ഷനാവുന്നതോടെ ശക്തമായ നിലപാടുമായി രംഗത്ത് വരാനാണ് ഒരുങ്ങുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് കേവലം 52 ദിവസത്തിനുള്ളില്‍ തന്നെ സര്‍ക്കാരിനെക്കുറിച്ച് പൊതു സമൂഹത്തിന് അതൃപ്തിയുണ്ടാവുന്ന തരത്തില്‍ വിവാദ തീരുമാനങ്ങള്‍ ഉണ്ടായതില്‍ രോഷാകുലനാണ് ഈ മുന്‍ മുഖ്യമന്ത്രി.

അഴിമതി പ്രധാന വിഷയമായി ഉയര്‍ത്തി താനടക്കം സംസ്ഥാനത്ത് നടത്തിയ പ്രചാരണങ്ങളുടെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പോരാട്ടങ്ങളുടെയും ഉല്‍പ്പന്നമായ ഇടത് സര്‍ക്കാര്‍ നിലവിലെ രീതി മാറ്റിയേ പറ്റു എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

സാന്റിയാഗോ മാര്‍ട്ടിനെതിരായ കേസില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഹാജരായതിലുള്ള അതൃപ്തി നേരത്തെ പരസ്യമായി അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെതിരെ ശക്തമായ പ്രതികരണം നടത്താതിരുന്നത് ശ്രദ്ധേയമായിരുന്നു.

പുതിയ പദവി സ്വീകരിച്ച ശേഷം ഔദ്യോഗികമായിത്തന്നെ പ്രതികരിക്കാം എന്ന നിലപാടാണ് ഇപ്പോഴത്തെ ‘മൗന’ ത്തിന് പിന്നിലെന്നാണ് സൂചന.

പദവിയിലെ താല്‍പ്പര്യം എന്നതിലുപരി അത് നല്‍കുന്ന വാര്‍ത്താ പ്രാധാന്യമാണ് വി.എസ്. ലക്ഷ്യമിടുന്നത്.

തന്റെ പ്രതികരണങ്ങള്‍ക്ക് ശക്തമായ ‘എഫക്ട്’ കിട്ടണമെങ്കില്‍ പദവി അനിവാര്യമാണെന്ന തിരിച്ചറിവിലാണ് വി.എസി ന്റെ കരുനീക്കം.

സീതാറാം യച്ചൂരിക്ക് കുറിപ്പ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവിലും പാര്‍ട്ടി നല്‍കിയ ഓഫര്‍ സ്വീകരിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതും ഈ ഘടകം തന്നെയാണ്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികഞ്ഞ പരാജയമാണ് താനെന്ന് ഇതിനകം തെളിയിച്ച രമേശ് ചെന്നിത്തലയെ സംബന്ധിച്ച് പൊലീസ് നിയമന തട്ടിപ്പിലും ഹരിപ്പാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വന്നാല്‍ പ്രതിരോധത്തിലാവുന്ന സഹചര്യമാണുള്ളത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമെ യു.ഡി.എഫ് ഘടക കക്ഷിയായ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, മുന്‍ മന്ത്രി അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ വിജിലന്‍സ് വലയത്തിനുള്ളിലുമാണ്.

സഭക്ക് അകത്തും പുറത്തും ഭരണപക്ഷത്തെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കേണ്ട ഇവര്‍ക്ക് എങ്ങനെ ഇനി ശക്തമായി ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ കഴിയുമെന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു

വി.ഡി. സതീശനെ പോലെയോ വി.ടി. ബല്‍റാമിനെ പോലെയോ ഉള്ള വിരലിലെണ്ണാവുന്ന യുവ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷ നിരയിലെ പ്രതിഷേധം ദുര്‍ബലമാണ്.

കോഗ്രസ്സിലെ ഇരു ഗ്രൂപ്പുകള്‍ക്കും മീതെ സ്വന്തമായ വ്യക്തിത്വമുള്ള പി.ടി. തോമസാണ് ധൈര്യം ചോരാത്ത മറ്റൊരു പ്രമുഖ നേതാവ്.

ഒറ്റപ്പെട്ട ഇവരുടെ പ്രതിഷേധങ്ങളാവട്ടെ ‘ക്ലെച്ച്’ പിടിക്കുന്നുമില്ല. ഇവിടെയാണ് ഭരണ പരിഷ്‌ക്കരണ അദ്ധ്യക്ഷനെന്ന പദവിയോടെ ഇനി സാക്ഷാല്‍ വി.എസ്. അച്ചുതാനന്ദന്‍ കളം നിറയാന്‍ പോകുന്നത്‌.

ഭരണപരിഷ്‌ക്കാരത്തിനായി വി.എസ്. നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും വി.എസിന്റെ അഭിപ്രായ പ്രകടനങ്ങളാവും ഇനി കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുക.

മാത്രമല്ല നിര്‍ദേശത്തോടെപ്പം സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളില്‍ ഉള്ള വിമര്‍ശനം കൂടി വിഎസ് തന്നെ ഉന്നയിക്കുന്നതോടെ പ്രത്യക്ഷത്തില്‍ പ്രതിപക്ഷം ഔട്ടാകുന്ന സ്ഥിതിയുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.

മരണംവരെ കര്‍മ്മനിരതനായ കമ്മ്യൂണിസ്റ്റായി ഇരിക്കുക എന്നതാണ് വി.എസിന്റെ ലക്ഷ്യം. സി.പി.എമ്മിനെ സംബന്ധിച്ച് വി.എസിനെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യത്തില്‍ വെറും ഒരു എം.എല്‍.എ ആയി അദ്ദേഹത്തെ നിലനിര്‍ത്തുക എന്നത് തികച്ചും അപ്രായോഗികമായ കാര്യമായിരുന്നു.

ഇ.എം.എസിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇരുന്ന ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചതും അതുകൊണ്ടു തന്നെയാണ്.

വി.എസിന്റെ വരവ് ചങ്കിടിപ്പിക്കുന്നത് പ്രതിപക്ഷത്തിനാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇപ്പോള്‍ തന്നെ വിജിലന്‍സ് കേസുള്‍പ്പെടെ നിരവധി അന്വേഷണങ്ങളില്‍ മുള്‍മുനയില്‍ നില്‍ക്കുന്ന യു.ഡി.എഫ് നേതാക്കള്‍ സഭയില്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെ പ്രതിപക്ഷ റോള്‍ വി.എസ് തന്നെ ‘നിര്‍വ്വഹിക്കുമോ’ എന്നതിലാണ് അവരുടെ പേടി.

ഇപ്പോള്‍ തനിക്ക് പറ്റിയ ‘ക്ഷീണം’ പുതിയ സ്ഥാനാരോഹണത്തോടെ തീര്‍ക്കാന്‍ വി.എസ് ഇറങ്ങുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന് പ്രത്യേകിച്ച് യുഡിഎഫിനെയും സി.പി.എമ്മിനെയും എങ്ങനെയാണ് ബാധിക്കുക എന്നറിയാന്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ഭരണ പരിഷ്‌ക്കരണ ചെയര്‍മാന്‍ പ്രതിപക്ഷ ‘പരിഷ്‌ക്കരണ’ ചെയര്‍മാനായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത് .
അതേ സമയം സര്‍ക്കാര്‍ അടുത്തയിടെ എടുത്ത വിവാദ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയുള്ള സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും വി.എസിന്റെ വരവോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് വി.എസ് അച്ചുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ട പദവി ‘ തടസം ‘ ഒഴുവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ഭേദഗതി ബില്ല് കൊണ്ട് വന്നിരുന്നത്. പ്രതിപക്ഷ എതിര്‍പ്പോടെ തന്നെ ബില്ല് പാസായ സാഹചര്യത്തില്‍ വി.എസിന്റെ സ്ഥാനാരോഹണം അധികം താമസിയാതെ തന്നെ ഉണ്ടാകും.

Top