ബാലാക്കോട്ട് ആക്രമണ വിഷയത്തിൽ അർണബിനെതിരെ പ്രതിപക്ഷം

മുംബൈ : പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്ക് അധീന കശ്മീരിലുള്ള ബാലാക്കോട്ടിൽ 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കു മുൻകൂട്ടി അറിയാമായിരുന്നുവെന്ന ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികൾ. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസിനു പിന്നാലെ ശിവസേനയും എൻസിപിയും രംഗത്തെത്തി.

വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ  സിഇഒ പാർഥോ ദാസ്ഗുപ്തയുമായി നടത്തിയ വാട്സാപ് സംഭാഷണത്തിലാണ് ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് സൂചിപ്പിച്ചത്. 500 പേജുള്ള സംഭാഷണം കഴിഞ്ഞ ദിവസം ചോർന്നിരുന്നു.വലിയൊരു സംഭവം നടക്കാൻ പോകുന്നുവെന്ന ആമുഖത്തോടെയാണ് ഫെബ്രുവരി 23നുള്ള സംഭാഷണത്തിൽ ബാലാക്കോട്ടിനെക്കുറിച്ച് അർണബ് സൂചിപ്പിക്കുന്നത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചാണോ പറയുന്നതെന്ന പാർഥോയുടെ ചോദ്യത്തിനു മറുപടിയായി, പാക്കിസ്ഥാനെയാണു താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top