കുട്ടികളുടെ കൂട്ടമരണം: പ്രധാനമന്ത്രി ഇടപെട്ടു, ഉടന്‍ നടപടി എടുക്കാന്‍ നിര്‍ദേശം

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ ഉള്‍പ്പെടെ 63 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരന്തമുണ്ടായ ഗോരഖ്പുരിലെ ആശുപത്രി സന്ദര്‍ശിക്കാന്‍ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവര്‍ക്ക് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിവിധ അസുഖങ്ങള്‍ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ മാത്രം 30 കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് ഏഴു മുതല്‍ ശിശുരോഗ വിഭാഗത്തില്‍ 60 കുട്ടികള്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.

ജൂലൈ ഒന്‍പതിനും ഓഗസ്റ്റ് ഒന്‍പതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊന്നും ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവുള്ള കാര്യം ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെന്നും സിദ്ധാര്‍ഥ് നാഥ് പറഞ്ഞു.

Top